ഒക്ടോബർ 14- ലോക സൗഖ്യ ദിനം ( world well being day)
സൗഖ്യം എന്നാലെന്ത്....?
ഡോ.കെ. ജയകൃഷ്ണൻ എഴുതുന്നു....
സൗഖ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരിക സുഖം മാത്രമാണെന്ന ധാരണയാണ് നമ്മളിൽ ഭൂരിഭാഗം പേർക്കും ഉള്ളത്. പക്ഷേ അതല്ല സത്യം.
ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചന പ്രകാരം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥതയാണ് സൗഖ്യം.
ഉദാഹരണത്തിന് സാധാരണ നിലയിൽ നമ്മുടെ വായിൽ 32 പല്ലുകൾ ഉണ്ടെന്നത് നാം ശ്രദ്ധിക്കാറേയില്ല....
പക്ഷേ അതിലൊരു പല്ലിന് ചെറിയ വേദനയോ, പല്ലിന്റ ഇടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങുകയോ ചെയ്താൽ പിന്നീട് അതിനൊരു തീരുമാനമാകുന്നതു വരെ നമ്മുടെ ശ്രദ്ധ മുഴുവൻ ആ പല്ലിൽ തന്നെ ആയിരിക്കും.
അതായത് നമ്മുടെ ശരീരത്തിന്റെ സൗഖ്യം സാധാരണ നിലയിൽ നാം തിരിച്ചറിയുന്നില്ല. സൗഖ്യം നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതുവരെ സുഗമമായി നടന്നു കൊണ്ടിരുന്ന ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്.
ആരാണ് സ്വസ്ഥൻ....? എന്നുള്ളതിനെ ആയുർവേദം നിർവചിച്ചിരിക്കുന്നത് നോക്കാം.....
"സമദോഷ സമാഗ്നി ച സമധാതുമലക്രിയാ
പ്രസന്നാത്മേന്ദ്രിയ മന:, സ്വസ്ഥ: ഇത്യഭിധീയതേ...."
ഇവിടെ സമദോഷം എന്നു പറഞ്ഞാൽ ത്രിദോഷങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഒന്നും ഇല്ലാതെ സമമായി ഇരിക്കുന്ന അവസ്ഥ.
സമാഗ്നി എന്നാൽ സമമായ ജഠരാഗ്നി. ജഠരാഗ്നി എന്നാൽ ദഹനം നടത്തുന്ന സ്രവങ്ങൾ അഥവാ ഡൈജസ്റ്റീവ് എൻസൈമുകൾ...
നമ്മുടെ വിശപ്പ്, ദഹനം, ശോധന എന്നിവ കൃത്യമായി നടന്നാൽ മാത്രമേ സൗഖ്യം ഉണ്ടാവുകയുള്ളൂ എന്ന് സാരം.
കൂടാതെ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്രം എന്നീ ധാതുക്കളും സമമായി നിൽക്കണം. എല്ലാം ആവശ്യമായ അളവിൽ മാത്രം വേണം, കൂടാനോ കുറയാനോ പാടില്ല. (രക്തം കുറഞ്ഞാൽ അനീമിയ, രക്ത കോശങ്ങളുടെ എണ്ണം കൂടിയാൽ ലുക്കീമിയ...) എങ്കിലേ സൗഖ്യം നിലനിൽക്കൂ.....
ആത്മാവ്, മനസ്സ് തുടങ്ങിയവ പ്രസന്നമായിരിക്കണം എന്ന് പറഞ്ഞത് നമ്മുടെ സ്വഭാവം, മറ്റുള്ളവരോടുള്ള പെരുമാറ്റം, ആദർശ ശുദ്ധി, ഉദ്ദേശ ശുദ്ധി, തുടങ്ങിയ സാമൂഹിക മൂല്യങ്ങളെയും,
ഇന്ദ്രിയ പ്രസന്നത എന്നതുകൊണ്ട് കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളുടേയും, കയ്യുകൾ, കാലുകൾ, വാക്കുകൾ, വിസർജ്ജന, ജനനേന്ദ്രിയങ്ങൾ എന്നീ കർമ്മേന്ദ്രിയങ്ങളുടേയും ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
ഇപ്പറഞ്ഞ ദോഷം, ധാതു, മലം, അഗ്നി, മനസ്സ്, ഇന്ദ്രിയപ്രവൃത്തികൾ തുടങ്ങിയവയെല്ലാം വർദ്ധനവോ ക്ഷയമോ ഇല്ലാതെ ആവശ്യമായ അളവിൽ മാത്രം വർത്തിക്കുമ്പോഴാണ് സൗഖ്യം ഉണ്ടാക്കുന്നത് എന്ന് ഈ വരികളിൽ നിന്നു മനസ്സിലാക്കാം...
വ്യാഖ്യാന സാമർത്ഥ്യവും ഗ്രഹണ ശേഷിയും അനുസരിച്ച് ഈ വരികളിലെ കൂടുതൽ അർത്ഥ തലങ്ങൾ ഉൾക്കൊള്ളാവുന്നതാണ്.
സൗഖ്യത്തിലെ മറ്റൊരു പ്രധാന ഘടകം നിദ്രയാണ്.
ഉദാഹരണമായി ഒരു കംപ്യൂട്ടർ എടുക്കാം... കുറേ നേരത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷം നമ്മൾ കംപ്യൂട്ടർ റീഫ്രഷ് ചെയ്യാറുള്ള പോലെ, മൊബൈൽ റീസ്റ്റാർട്ട് ചെയ്യാറുള്ള പോലെ നമ്മുടെ ശരീരം എന്ന സിസ്റ്റം പൂർവ്വാധികം കാര്യക്ഷമതയോടെ പ്രവർത്തിക്കണമെങ്കിൽ കുറച്ചു നേരം ഓഫ് ചെയ്തിടുകയോ റീഫ്രഷ് ചെയ്യുകയോ വേണമല്ലോ.... അതു തന്നെയാണ് നിദ്ര അഥവാ ഉറക്കം. ഉറക്കം ശരിയായാൽ തന്നെ കാര്യങ്ങൾ പകുതി ശരിയായി.
അദ്ധ്വാനക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയ ശാരീരിക കാരണങ്ങളേക്കാൾ നിദ്രാനാശത്തിന് കാരണമാകുന്നത് മാനസികമായ ഉത്കണ്ഠ, ഭയം, ദു:ഖം, ടെൻഷൻ തുടങ്ങിയ വികാരങ്ങളാണ്.
മൊബൈലും കംപ്യൂട്ടറും എല്ലാം വളരെ പതുക്കെ പ്രവർത്തിക്കുമ്പോൾ മെമ്മറി ലോഡ് കൂടിയത് പരിഹരിക്കാൻ അത്യാവശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്യുന്നതു പോലെ അത്യാവശ്യം ഇല്ലാത്ത കാര്യങ്ങളെ പറ്റിയുള്ള ആഴത്തിലുള്ള ചിന്തകൾ ഒഴിവാക്കാൻ സാധിച്ചാൽ ഉറക്കം കിട്ടും. പറയുന്ന പോലെ അത്ര എളുപ്പമല്ല ഇത്. എങ്കിലും നിരന്തരം ശ്രമിച്ചാൽ നടക്കും.
സൗഖ്യം ആഗ്രഹിക്കുന്നവർ പിന്നീട് ശ്രദ്ധിക്കേണ്ടത് ആഹാരത്തിലാണ്.
"ആഹാരസംഭവം വസ്തു. രോഗ: തു ആഹാരസംഭവ: "
നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിന് കാരണം ആഹാരമാണ്. പക്ഷേ രോഗങ്ങളുടെ കാരണവും ആഹാരം തന്നെ എന്നാണ് ഈ വരികളാൽ ഉദ്ധരിക്കപ്പെടുന്നത്.
അതായത്...
സമയാ സമയങ്ങളിൽ മാത്രം, ചിട്ടയോടെ, തന്റെ ശരീരത്തിനും മനസ്സിനും ഹിതമായത് മാത്രം മിതമായ തോതിൽ ഭക്ഷിക്കുന്നത് ശീലമാക്കിയാൽ സൗഖ്യം നിങ്ങളെ തേടി വരും..... മറിച്ച് തോന്നിയ സമയത്ത് തോന്നിയ ആഹാരം തോന്നും പോലെ കഴിച്ചാൽ രോഗങ്ങളും വരും.
അതുപോലെ ഭക്ഷണം കഴിക്കുന്നതിനിടക്കുള്ള മറ്റ് പ്രവൃത്തികളും സംസാരവുമെല്ലാം ദഹനത്തെയും ബാധിക്കും എന്ന സത്യവും നാം തിരിച്ചറിയണം.
രോഗം വരുമ്പോൾ ചികിത്സിക്കാൻ വേണ്ടി മാത്രമുള്ള ഒരു വൈദ്യശാസ്ത്രം എന്നതിലുപരി, *ആയുരാരോഗ്യ സൗഖ്യം* സംരക്ഷിക്കാനുള്ള വിധികളും ചര്യകളും വിശദമായി പ്രതിപാദിക്കുന്ന ജീവിത ശാസ്ത്രമാണ് ആയുർവേദം. ഇതിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ നിയുക്തരായ ആയുർവേദ ഉപാസകരിലൂടെ ആയുർവേദം അനുശാസിക്കുന്ന മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് സൗഖ്യം അനുഭവിക്കാൻ ക്ഷണിക്കുന്നു....
സർവ്വേ ഭവന്തു സുഖിന: ( എല്ലാവരും സുഖമായിരിക്കട്ടെ.)
ഡോ. കെ. ജയകൃഷ്ണൻ
ജന്മസുഖീ ആയുർവേദിക്സ്
ചുനങ്ങാട്, ഒറ്റപ്പാലം
9495680314