Wednesday, November 14, 2018

നവംബർ 14 ലോക പ്രമേഹദിനം.


പ്രമേഹത്തെക്കുറിച്ച് ഒറ്റപ്പാലം ജന്മസുഖീ ആയുർവേദിക്സിലെ ഡോ. കെ. ജയകൃഷ്ണൻ എഴുതുന്നു....
ആയുര്‍വേദത്തിൽ പ്രമേഹത്തെ ഒരു മഹാ രോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു രോഗത്തെ മഹാരോഗം എന്ന ഗണത്തില്‍ പെടുത്തുന്നത് രോഗത്തിന് മൂന്ന് പ്രത്യേകതകള്‍ ഉണ്ടാകുമ്പോഴാണ്. രോഗം ദീര്‍ഘകാലം നിലനില്‍ക്കുന്ന അവസ്ഥ, രോഗത്തിന്റെ ആന്തരിക വ്യാപ്തി, ചികിത്സാ രീതികള്‍ക്ക് പെട്ടെന്നൊന്നും വഴങ്ങാത്ത രോഗത്തിന്റെ സ്വഭാവം എന്നിവയാണ് ആ പ്രത്യേകതകൾ. പ്രമേഹത്തെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളില്‍ വിശദമായ പരാമര്‍ശമുണ്ട്. നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും നിരവധി ഗവേഷണങ്ങൾ നടന്നിട്ടും രോഗത്തെക്കുറിച്ച് ആയുർവേദത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് കാതലായ മാറ്റങ്ങള്‍ ഇന്നും വന്നിട്ടില്ല. പലതിനും കാലിക പ്രസക്തിയുമുണ്ട്. പ്രമേഹം എന്ന പേര് തന്നെ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണത്തെ സൂചിപ്പിക്കുന്നു. കൂടുതലായും കലുഷിതമായും മൂത്രം പോവുക (പ്രഭൂതാവില മൂത്രതാ....) എന്ന അവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇന്ന് പ്രമേഹം എന്ന പേരില്‍ ആധുനിക വൈദ്യശാസ്ത്രം അംഗീരിച്ചിട്ടുള്ള ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗം ആയുര്‍വേദത്തിലെ മധുമേഹമാണ്.

പ്രമേഹം ഉണ്ടാകുന്നതെങ്ങനെ..?
ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കേവലമോ ആപേക്ഷികമോ ആയ കുറവു കൊണ്ടുണ്ടാകുന്ന രോഗമാണ് പ്രമേഹം. ഈ അവസ്ഥയില്‍ ശരീരത്തിന്റെ ഉപചയ അപചയ പ്രക്രിയകള്‍ എല്ലാം തകരാറിലാകുന്നു. ദഹന രസങ്ങളും അന്തസ്രാവങ്ങളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. (ആഗ്നേയഗ്രന്ഥി) ദഹനരസങ്ങള്‍ ആഹാരത്തിലെ അന്നജം, (കാർബോ ഹൈഡ്രേറ്റ് ) മാംസ്യം, (പ്രോട്ടീൻ ), കൊഴുപ്പ് (ഫാറ്റ്) എന്നിവയെ വിശ്ലേഷിപ്പിച്ച് ആഗിരണം സുഗമമാക്കുന്നു. ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍, സൊമാറ്റോസ്റ്റാറ്റിന്‍ എന്നീ ഹോര്‍മോണുകളാണ് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിശ്ചിത അനുപാതത്തില്‍ ക്രമീകരിക്കുന്നത് ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമാണ്. അത് താളം തെറ്റുമ്പോഴാണ് രക്തത്തിൽ ഗ്ലൂക്കോസ് അധികമാകുന്നത്. അങ്ങനെ അധികമായതിനെ ശരീരം കിഡ്നിയിൽ വെച്ച് രക്തത്തിൽ നിന്ന് വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുന്നു..... ചില പ്രത്യേക സന്ദർഭങ്ങളിൽ ശരീരം ഈ ഗ്ലൂക്കോസ് വിയർപ്പിലൂടേയും പുറന്തള്ളാറുണ്ട്. ആ സന്ദർഭത്തിൽ രോമകൂപങ്ങളിലൂടെ വിയർപ്പ് പുറത്തു പോകുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ അത് അവിടെ കെട്ടി നിന്ന് ദുഷിച്ച് പിടകകൾ അഥവാ കുരുക്കൾ ആയി മാറാനും ത്വക്ക് രോഗത്തിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്. ഈ അവസ്ഥയെ ആയുർവേദം പ്രമേഹ പിടകകൾ എന്ന് വിളിക്കുന്നു.
രോഗകാരണങ്ങള്‍ പ്രധാനമായും തെറ്റായ ജീവിത ശൈലികൾ, അതായത് തെറ്റായ ആഹാര രീതിയും തെറ്റായ ദിനചര്യകളുമാണ് രോഗകാരണം. പാരമ്പര്യവും ഒരു ഘടകം തന്നെയാണ്.
മധുര പദാര്‍ഥങ്ങളുടേയും ധാന്യ നിർമ്മിത ഭക്ഷണങ്ങളുടേയും അമിതോപയോഗം, മദ്യത്തിന്റെ ഉപയോഗം, കൊഴുപ്പു കൂടിയ ആഹാരങ്ങളുടെ അമിത‍ ഉപയോഗം,
പാൽ, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം, പഴക്കം ചെല്ലാത്ത ധാന്യങ്ങള്‍, മത്സ്യമാംസങ്ങള്‍ എന്നിവയുടെ സ്ഥിരമായ ഉപയോഗം, സമയ ബന്ധിതമല്ലാത്ത ആഹാരരീതി,
ഉദാസീനമായ ജീവിതരീതി, പകലുറക്കം, അമിതമായ ഉറക്കം, വ്യായാമക്കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ തെറ്റായ ജീവിതശൈലി തന്നെയാണ് രോഗ കാരണങ്ങള്‍.
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ അധികമായ വിയര്‍പ്പ്, ശരീര ദുര്‍ഗന്ധം, എപ്പോഴും വിശ്രമിക്കണമെന്നുള്ള ആഗ്രഹം, അലസത, ദേഹം മെലിയുക, അവയവങ്ങൾക്ക് ബലക്കുറവ്,
കണ്ണിലും നാക്കിലും എന്തോ പുരണ്ടിരിക്കുന്നു എന്ന തോന്നല്‍, വായയും തൊണ്ടയും വരളുക,
വായ്ക്കുള്ളില്‍ മധുരരസം തോന്നുക,തണുപ്പിനോട് കൂടുതല്‍ ആഗ്രഹം, കൈത്തലങ്ങളിലും കാല്‍പ്പാദത്തിലും ചുട്ടുനീറ്റല്‍, മൂത്രനാളിയിലും വൃഷണത്തിലും വേദനയും പുകച്ചിലും നീറ്റലും..
ഈ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ പ്രമേഹ രോഗമുണ്ടാകാന്‍ പോകുന്നു എന്നോ, രോഗമുണ്ടെന്നോ ഉള്ള സൂചനയാണ് തരുന്നത്.

പ്രമേഹ ചികിത്സ
എല്ലാ പ്രമേഹ രോഗികളും ഒരു പോലെ ഉള്ളവരല്ലാത്തതു കൊണ്ടും, അവരുടെ ശരീരപ്രകൃതിയും ആഹാരരീതികളും വ്യത്യസ്തങ്ങളായതു കൊണ്ടും എല്ലാവർക്കും ഒരേ ചികിത്സയല്ല ആയുര്‍വേദം നിര്‍ദേശിക്കുന്നത്. രോഗത്തിന്റെ ആദ്യാവസ്ഥയിൽ കഫവും മേദസ്സും ദുഷിക്കുകയും പിന്നീട് പിത്തവും രക്തവും ദുഷിക്കുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥയും ചികിത്സിച്ചു ഭേദമാക്കാം. കഫവും പിത്തവും അുനുബന്ധമായിരുന്നുകൊണ്ട് വാതം ദുഷിക്കുകയും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ചികിത്സ ക്ലേശകരമാകുന്നു. ജീവിതാവസാനം വരെ ചികിത്സ തുടരേണ്ടി വരുന്നു.
ശരിയായ ആഹാരക്രമം പലരും രോഗത്തെ ഭയന്ന് പല ആഹാര പദാര്‍ഥങ്ങളും തീര്‍ത്തും ഉപേക്ഷിക്കുന്നു. ഇതിന്റെ ആവശ്യമില്ല. ലഘുവായ ആഹാര പദാര്‍ഥങ്ങള്‍, എണ്ണയോ നെയ്യോ അധികം ചേര്‍ക്കാത്ത വിഭവങ്ങള്‍, പയർ ‍വര്‍ഗങ്ങള്‍, പാവയ്ക്ക, വഴുതനങ്ങ, കോവയ്ക്ക, ചക്ക, വെണ്ടക്ക, പപ്പായ, വാഴക്ക, തക്കാളി, മുരിങ്ങക്ക, അമരപ്പയര്‍, ഉള്ളി, വെളുത്തുള്ളി, ഇലവര്‍ഗങ്ങള്‍ ഇവ ധാരാളമായി ഉപയോഗിക്കാം. മലർക്കഞ്ഞി കുടിക്കുന്നതും നല്ലതാണ്.

ഒഴിവാക്കേണ്ടവ
മധുര പലഹാരങ്ങൾമദ്യം, ബിയർ, വൈൻ, ബേക്കറി പലഹാരങ്ങൾ,ഐസ്ക്രീം, ശീതള പാനീയങ്ങൾ,കപ്പ, ഈന്തപ്പഴം, മാമ്പഴം മൈദ തുടങ്ങിയവ ഒഴിവാക്കുക. ഒരിക്കല്‍ പാകം ചെയ്തു കഴിഞ്ഞ ആഹാരം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഫ്രിഡ്ജില്‍ വച്ച്  പഴകിയ ആഹാരവും ഐസ് വാട്ടറും ഉപയോഗിക്കരുത്. പ്രമേഹ ചികിത്സയുടെ മറ്റൊരു ഘടകമാണ് വ്യായാമം. ഗാഢമായ അഥവാ കടുപ്പമേറിയ വ്യായാമം ദിവസേന ചെയ്യണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.

ഔഷധങ്ങള്‍
വളരെ പെട്ടെന്നു ഫലം നല്‍കുന്ന ഇന്‍സുലിന്‍  അടക്കമുള്ള ആധുനിക ഔഷധങ്ങള്‍ പ്രമേഹചികിത്സയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അതിനൊപ്പം തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ക്കും  പ്രമേഹ ചികിത്സയില്‍ വലിയ സ്ഥാനമാണുള്ളത്. മരുന്നുകളും, ഉദ്വര്‍ത്തനം, ധാര തുടങ്ങിയ ചികിത്സകളും ശരീര കോശങ്ങള്‍ക്ക് സംഭവിക്കാവുന്ന ഹാനികരമായ മാറ്റങ്ങളെ ഇല്ലാതാക്കുന്നു. അനുബന്ധ രോഗങ്ങളെ തടയുകയും ഉണ്ടായാല്‍ത്തന്നെ പരിഹരിക്കുകയും ചെയ്യുന്നു. ശരീരബലം  വര്‍ധിപ്പിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നു. ആഹാര വിഹാരങ്ങളിൽ കുറച്ച് ശ്രദ്ധ കൊടുത്തു കൊണ്ട് സധൈര്യം പോരാടിയാൽ പ്രമേഹം എന്ന ശത്രുവിനെ പൂർണ്ണമായി സംഹരിക്കാൻ പറ്റിയില്ലെങ്കിലും, അതിന്റെ ശത്രുതാ ഭാവത്തെ മാറ്റി നമ്മുടെ മിത്രമായി തന്നെ കൂടെ നിർത്താം.


കൂടുതൽ വിവരങ്ങൾക്ക്,
ഡോ. കെ ജയകൃഷ്ണൻ
ജന്മസുഖീ ആയുർവേദിക്സ്
ചുനങ്ങാട് (പി.ഒ) ഒറ്റപ്പാലം.

No comments:

Post a Comment

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...