Monday, November 5, 2018

ദേശീയ ആയുർവേദ ദിനം

ദേശീയ ആയുർവേദ ദിനം.
2018 നവംബർ 5 തിങ്കൾ

പൊതുജനാരോഗ്യ രംഗത്ത് ആയുർവേദത്തിന്റെ പങ്ക് എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനത്തിലെ ചർച്ചാ വിഷയം.

പൊതുജനങ്ങൾ  ആയുർവേദത്തെക്കുറിച്ച് പതിവായി ചോദിക്കാറുള്ള  ചില സംശയങ്ങൾക്കുള്ള മറുപടി *ഒറ്റപ്പാലം ജന്മസുഖീ ആയുർവേദിക്സിലെ ഡോ. കെ. ജയകൃഷ്ണൻ* പങ്കുവെക്കുന്നു.

💊 ആയുർവേദത്തിൽ സ്പെഷ്യാലിറ്റികൾ ഉണ്ടോ....?

🌿തീർച്ചയായും ഉണ്ട്. കുട്ടികൾക്കുള്ള ചികിത്സകൾ, സ്ത്രീ രോഗചികിത്സകൾ, ഗർഭിണികൾക്കുള്ള പ്രസവരക്ഷ, കണ്ണ്, ചെവി, മൂക്ക്, തൊണ്ട തുടങ്ങിയവയുടെ വിദഗ്ധ ചികിത്സകൾ, വിഷചികിത്സ, ശസ്ത്രക്രിയാ വിഭാഗം, വന്ധ്യതാ ചികിത്സ, മാനസിക ചികിത്സ തുടങ്ങിയവയെല്ലാം ആയുർവേദത്തിൽ ഉണ്ട്. കൂടാതെ ആരോഗ്യം മികവോടെ സംരക്ഷിക്കാനുള്ള രസായന സേവകളും ഉണ്ട്.

ആയുർവേദ  ചികിത്സയിൽ അസുഖം മാറാൻ കാലതാമസമുണ്ടോ....?

🌿 അത് അസുഖം ഏതാണ് എന്നതിനനുസരിച്ചല്ലേ പറയാൻ പറ്റൂ.... വളരെ പഴക്കമുള്ളതും ദീർഘകാലം ഇതര മരുന്നുകൾ കഴിച്ച് നില വഷളായതുമായ ചില അസുഖങ്ങൾ, അതായത് പരിപൂർണ്ണ ആശ്വാസം അസാദ്ധ്യമായത് എന്ന് വൈദ്യശാസ്ത്രം വിലയിരുത്തിയവയെ സാധ്യമാക്കിയെടുക്കാൻ സ്വാഭാവികമായും കുറച്ച് കാലതാമസം എടുക്കുമല്ലോ..... അതല്ലാതെയുള്ള എല്ലാ അസുഖങ്ങൾക്കും ആദ്യം തന്നെ ആയുർവേദത്തെ സമീപിച്ചാൽ വെറും ദിവസങ്ങൾക്കുള്ളിൽ ഫലം ഉറപ്പ് നൽകാൻ കഴിയും.

സ്കാനിംഗ്, എക്സ് - റേ, ലാബ് റിപ്പോർട്ടുകൾ തുടങ്ങിയവ ആയുർവേദ ഡോക്ടറെ കാണിക്കേണ്ട ആവശ്യമുണ്ടോ....??

🌿 തീർച്ചയായും ആവശ്യമുണ്ട്. കാരണം രോഗനിർണ്ണയത്തിനത് പ്രയോജനപ്പെടും. പ്രാഥമികമായ  രോഗനിർണ്ണയത്തിന് ശേഷം ചികിത്സയും മരുന്നുകളും എന്ന ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് ആയുർവേദം, അലോപ്പതി, ഹോമിയോ തുടങ്ങിയ ഭേദഭാവങ്ങൾ വരുന്നുള്ളൂ.... അത് വരെ നടക്കുന്നത് രോഗനിർണ്ണയമാണ്നമ്മുടെ ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ ശാസ്ത്ര ശാഖകളുടെ  സംഭാവനയായ എക്സ് റേ, സ്കാനിംഗ്, ലാബ് ടെസ്റ്റുകൾ തുടങ്ങിയ രോഗ നിർണ്ണയ ഉപാധികൾ എല്ലാ വൈദ്യശാഖകൾക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ.... ഇവയെല്ലാം വേണ്ട പോലെ അപഗ്രഥിക്കാൻ കഴിവുള്ളവർ തന്നെയാണ് 5 വർഷം ആയുർവേദത്തോടൊപ്പം ആധുനിക വൈദ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളും  പഠിച്ചിറങ്ങുന്ന ഓരോ ആയുർവേദ ഡോക്ടറും....

ആയുർവേദത്തിൽ ജീവിത ശൈലീ രോഗങ്ങൾക്ക് പരിഹാരമുണ്ടോ....?

🌿 തീർച്ചയായും ഉണ്ട്. പ്രമേഹം, അമിത രക്തസമ്മർദ്ദം, ദുർമ്മേദസ്സ്, അമിത വണ്ണം തുടങ്ങിയവക്കെല്ലാം ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകളും ചികിത്സകളും ഉണ്ട്. ഇതിനെല്ലാം സ്ഥിരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവരും, കഴിക്കാൻ ഉദ്ദേശിക്കുന്നവരും ലാബ് റിപ്പോർട്ടുകളുമായി ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.

ആയുർവേദ മരുന്നുകൾക്ക് വില കൂടുതല്ലല്ലേ.....?? സാധാരണക്കാർക്ക് താങ്ങുമോ...?

🌿 വിലക്കൂടുതലും കുറവും രണ്ടെണ്ണം തമ്മിൽ താരതമ്യം ചെയ്യുമ്പോഴാണല്ലോ ഉണ്ടാകുന്നത്. ഏകദേശം ഒരേ അസുഖത്തിന് ആയുർവേദ മരുന്ന് കഴിക്കുന്ന ആളും ഇതര മരുന്നുകൾ കഴിക്കുന്ന ആളും ഒന്നിച്ചിരുന്ന് താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകും ആയുർവേദത്തിന്റെ ചിലവ് താരതമ്യേന കുറവാണ് എന്ന യാഥാർത്ഥ്യം.
പിന്നെ കേവലം ചെറിയൊരു പനിക്ക് കഷായം വാങ്ങാൻ പോകുന്ന ആൾ 14 ദിവസം അഡ്മിറ്റ് ചെയ്തുള്ള പഞ്ചകർമ്മ ചികിത്സയുടെ ബിൽ തുക എത്രയാകുമെന്ന് അന്വേഷിച്ചിട്ട് ആയുർവേദം നമുക്ക് താങ്ങില്ല എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.... അതാണ് പലപ്പൊഴും നടക്കുന്നത്.

ഒരേ രോഗമുള്ള രണ്ട് പേർക്ക് ഒരേ മരുന്ന് കൊടുക്കാത്തതെന്തു കൊണ്ടാണ്....?

🌿 രണ്ട് പേരുടെയും രോഗത്തിന്റെ പേരിൽ മാത്രമല്ലേ സാമ്യമുള്ളൂ.... പ്രായം, ശരീരപ്രകൃതി, ശരീര ഭാരം, ഉയരം, ഭക്ഷണ രീതികൾ, ദഹനശക്തി, മലശോധന, നിദ്ര, ദിനചര്യ തുടങ്ങി പല രീതിയിലും വ്യത്യസ്തയുള്ള രണ്ട് പേർക്ക് മരുന്നു കൊടുക്കുമ്പോഴും അതിനനുസരിച്ചുള്ള വ്യത്യാസമുണ്ടാകും. കൂടാതെ കാലാവസ്ഥാ മാറ്റങ്ങളും താമസിക്കുന്ന ദേശത്തിന്റെ പ്രത്യേകതയും എല്ലാം ചികിത്സയിലെ ഘടകങ്ങളാണ്. ഇതെല്ലാം ശരിയായി അപഗ്രഥിച്ച് അതിനനുസൃതമായ മരുന്നുകൾ നിർദ്ദേശിക്കുന്ന ആളാണ് ഉത്തമ വൈദ്യൻ.

ആയുർവേദ മരുന്നുകൾക്ക് പാർശ്വഫലങ്ങളുണ്ടോ...?

🌿മരുന്നുകൾക്ക് പാർശ്വഫലങ്ങളില്ല. പക്ഷേ ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ തോന്നിയ പോലെ മരുന്നുകൾ വാങ്ങി ഉപയോഗിച്ചാൽ ചിലപ്പോൾ വിപരീത ഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന് ഏത് തരം സന്ധി വേദനകൾക്കും കൊട്ടംചുക്കാദി പോലെയുള്ള ഏതെങ്കിലും തൈലങ്ങൾ വാങ്ങി പുരട്ടുകയല്ല വേണ്ടത്. സന്ധികളിൽ അതിയായി നീര് വെച്ചിരിക്കുമ്പോൾ തൈലം പുരട്ടുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
അത് പോലെ വയറിലെ ഏത് തരം അസ്വസ്ഥതകൾക്കും ദശമൂലാരിഷ്ടം, ഐമോദക സത്ത് തുടങ്ങിയവ ഉപയോഗിക്കുന്നത് കാടടച്ച് വെടി വെക്കുക എന്ന് പറയുന്ന പോലെയാണ്. സ്വയം ചികിത്സ നടത്താതെ, ഡോക്ടറെ കണ്ട് അദ്ദേഹം പറയുന്ന മരുന്നുകൾ വേണ്ട വിധത്തിൽ കഴിക്കാനുള്ള പക്വതയിലേക്ക് സമൂഹം ഉയരുമ്പോൾ മാത്രമേ ശാസ്ത്രം പ്രയോജനപ്രദമാകൂ....

പഞ്ചകർമ്മ ആയുർവേദത്തിൽ ഉൾപ്പെട്ടതല്ലേ....??

🌿 അതെ. ആഹാരത്തിൽ നിന്നും ജീവിത ചര്യകളിൽ നിന്നും  ശരീരത്തിലുണ്ടാകുന്ന ദോഷങ്ങളേയും വിഷാംശങ്ങളേയും പുറന്തള്ളുന്നതും രോഗശമനം ഉണ്ടാക്കുന്നതുമായ  വമനം, വിരേചനം, സ്നേഹവസ്തി, കഷായ വസ്തി, നസ്യം എന്നീ ക്രിയകളെയാണ് പഞ്ചകർമ്മങ്ങൾ എന്നറിയപ്പെടുന്നത്. പഞ്ചകർമ്മങ്ങൾക്കായി ശരീരത്തെ സജ്ജമാക്കാൻ വേണ്ടി അതിനു മുൻപ് ചെയ്യുന്ന പൂർവ്വ കർമ്മങ്ങളാണ് ഉഴിച്ചിൽ (അഭ്യംഗം) വിയർപ്പിക്കൽ (സ്വേദനം) തുടങ്ങിയവ.

ആയുർവേദ ചികിത്സ ചെയ്യുമ്പോൾ കേൾക്കാറുള്ള 7, 14, 21 ദിവസം എന്നുള്ള കണക്ക് എങ്ങനെ വന്നു....?

🌿 നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കുന്നത് സപ്തധാതുക്കൾ സമമായി പ്രവർത്തിക്കുമ്പോഴാണ്.
*രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം* എന്നീ 7 ധാതുക്കൾ കൂടുകയും കുറയുകയും ചെയ്യാതെ സമമായി നിൽക്കുമ്പോഴാണ് ആരോഗ്യം നിലനിൽക്കുന്നത്. ഇതിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങൾ. ഉദാഹരണത്തിന് രക്തധാതുവിലെ ഹീമോഗ്ലോബിൻ കുറഞ്ഞാൽ അനീമിയ, രക്തത്തിലെ ചില കോശങ്ങളുടെ എണ്ണം കൂടിയാൽ ലുക്കീമിയ. (കൂടിയാലും കുറഞ്ഞാലും പ്രശ്നമാണെന്ന അർത്ഥത്തിൽ മാത്രം എടുക്കുക.)
ഈ സപ്തധാതുക്കളെ പോഷിപ്പിക്കുക എന്ന ആശയത്തിൽ നിന്നാണ് ഏഴും അതിന്റ ഗുണിതങ്ങളുമായ ദിവസക്കണക്ക് വന്നത്. അവസ്ഥാ ഭേദമനുസരിച്ച് ഈ കണക്കിലെല്ലാം മാറ്റം വരുകയും ചെയ്യും.

കഷായത്തിന് കയ്പാണ് പകരം ഗുളിക കിട്ടുമോ....??

🌿 ആഹാരമാണെങ്കിൽ അവരവരുടെ രുചിക്കനുസരിച്ച് നമുക്ക് തിരഞ്ഞെടുക്കാം. ഔഷധമാകുമ്പോൾ അവിടെ ഗുണവും വീര്യവും നോക്കിയാണ് നിർദ്ദേശിക്കുന്നത് രുചിക്ക് അവിടെ സ്ഥാനമില്ല. പിന്നെ ഇപ്പോൾ മിക്ക കഷായങ്ങളുടേയും ടാബ് ലെറ്റ് വിപണിയിൽ ലഭ്യമാണെങ്കിലും പൂർണ്ണമായ ഫലം കിട്ടാനായി ഭൂരിപക്ഷം ഡോക്ടർമാരും കഷായം തന്നെയാണ് നിർദ്ദേശിക്കാറുള്ളത്.
ഉള്ളിലേക്ക് കഴിക്കുന്ന ചില സേവ്യ തൈലങ്ങൾ ചില ഭസ്മങ്ങൾ തുടങ്ങിയവ സോഫ്റ്റ് ജെൽ ക്യാപ്സ്യൂൾ രൂപത്തിൽ ലഭിക്കുന്നത് ഗുണകരമാണ്.

പിന്നെ എല്ലാ കഷായങ്ങളും അതിയായ കയ്പാണെന്ന മുൻവിധി ഒഴിവാക്കേണ്ടതാണ്. അതിൽ ചേരുന്ന മരുന്നുകളുടെ ഗുണം അനുസരിച്ച് കഷായങ്ങളുടെ കയ്പും പുളിയുമെല്ലാം വ്യത്യസ്തമാണ്.

പരസ്യത്തിൽ കാണുന്ന ഹെയർ ഓയിലുകൾ, ഗുളികകൾ തുടങ്ങിയവക്ക് ഗുണമുണ്ടോ...?

ഗുണം എത്രത്തോളമുണ്ടെന്ന് അത് ഉപയോഗിക്കുന്നവർക്കറിയാം. പക്ഷേ വില ഉൽപ്പന്നത്തിന്റെ മൂല്യത്തേക്കാൾ കൂടുതലായിരിക്കും. ഒരോരോ അസുഖങ്ങൾക്ക് സാധാരണയായി ഉപയോഗിച്ച് വരുന്ന ക്ലാസിക്കൽ ആയുർവേദ ഔഷധങ്ങളുടെ തന്നെ ചേരുവകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി പേറ്റന്റ് മെഡിസിൻ എന്ന രൂപത്തിൽ ഇറക്കുന്ന ഇത്തരം മരുന്നുകൾ, പരസ്യത്തിനായി ചിലവാക്കുന്ന വൻ തുക ആ ഉൽപ്പന്നത്തിന്റെ വിലയിലും പ്രതിഫലിക്കും.... അതിനാൽ കാര്യമെന്തായാലും പരസ്യങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കാതെ ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള ഔഷധങ്ങൾ ഉപയോഗിച്ചാൽ വിലയും തുച്ഛം ഗുണവും മെച്ചം.

ചികിത്സക്കായി ഡോക്ടർമാരെ തന്നെ കാണണോ..? പാരമ്പര്യ വൈദ്യന്മാരെ കണ്ടാൽ കുഴപ്പമുണ്ടോ.....?

അതെല്ലാം രോഗിക്ക്  തീരുമാനിക്കാം. പക്ഷേ അൽപ്പം യുക്തി ഉപയോഗിച്ച് ചിന്തിച്ച് മാത്രം തീരുമാനിക്കുക.

നല്ല അറിവും സിദ്ധിയുമുള്ള പാരമ്പര്യ വൈദ്യന്മാർ പണ്ട് നമ്മുടെ നാട്ടിൽ ധാരാളമുണ്ടായിരുന്നെങ്കിലും ഇന്നത്തെ സ്ഥിതി അതല്ല. പലരും ഇല്ലാത്ത പാരമ്പര്യം ഉണ്ടെന്ന് അവകാശപ്പെടുന്ന വ്യാജന്മാരാണ്. പലപ്പോഴും വ്യാജന്മാരെ തിരിച്ചറിയാൻ രോഗിക്ക് കഴിയാതെ വരുന്നു. അങ്ങനെ രോഗി കബളിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള കേസുകളിൽ സുപ്രീംകോടതി പരാമർശിച്ചത് അംഗീകൃത ബിരുദമില്ലാത്തവർ ചികിത്സിക്കാൻ അർഹരല്ല എന്നാണ്.

മറിച്ച് 5 വർഷം പഠിച്ച് യൂണിവേഴ്സിറ്റി പരീക്ഷകൾ പാസ്സായി ഒരു വർഷക്കാലം വിവിധ ആശുപത്രികളിലെ ഹൗസ് സർജൻസി പ്രായോഗിക പരിശീലനവും കഴിഞ്ഞ് BAMS ബിരുദമോ, MD(Ay) ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയ ഡോക്ടർമാരെ സമീപിച്ചാൽ ചികിത്സ ശാസ്ത്രീയമായിരിക്കും, പാർശ്വഫലങ്ങളെ പേടിക്കുകയും വേണ്ട, താരതമ്യേന ചിലവും കുറയും.

ആയുർവേദം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാം....?

യാതൊരു അടിസ്ഥാനവുമില്ലാതെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ മാദ്ധ്യമങ്ങളിൽ വരുന്ന ആയുർവേദത്തിന്റെ പേരിലുള്ള പരസ്യങ്ങൾ.

ചികിത്സാരംഗത്ത് വ്യാജ വൈദ്യന്മാരുടെ കുറ്റകരമായ ഇടപെടൽ...

പരസ്യങ്ങൾ കണ്ട പ്രകാരം പൊതു ജനങ്ങൾക്കുണ്ടായ തെറ്റായ മുൻവിധികൾ. ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ.

ഇതൊന്നുമില്ലാതെ, തുറന്ന മനസ്സോടെ, ആത്മാർത്ഥതയോടെ നിങ്ങൾ ആയുർവേദത്തെ സമീപിച്ചാൽ.... ആരോഗ്യരക്ഷക്ക് എപ്പോഴും നിങ്ങളോടൊപ്പം ആയുർവേദം ഉണ്ടാകും...... എല്ലാവരും സുഖമായിരിക്കട്ടെ എന്നത് തന്നെയാണ് ആയുർവേദത്തിന്റെ പരമമായ ലക്ഷ്യം.
*സർവ്വേ ഭവന്തു സുഖിന:*

ഡോ.കെ. ജയകൃഷ്ണൻ
ജന്മസുഖീ ആയുർവേദിക്സ്.
ചുനങ്ങാട് (പി.ഒ) ഒറ്റപ്പാലം.
9495680314

1 comment:

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...